തിരുവനന്തപുരം ജില്ലയെ സമ്പൂര്‍ണ്ണ വിശപ്പുരഹിത ജില്ലയാക്കി മാറ്റുന്നതിനു വേണ്ടി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മാതൃകാ പദ്ധതിയാണ് പാഥേയം. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന അശരണരായ കിടപ്പുരോഗികള്‍, വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ വിടിനുള്ളിൽ ഒതുങ്ങി കൂടുന്നവർ, പരസഹായം ആവശ്യമായ ഭിന്നശേഷിക്കാര്‍ തുടങ്ങി ഒരു നേരം പോലും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം പൊതിച്ചോറാക്കി വീടുകളില്‍ നേരിട്ട് എത്തിച്ചു നല്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് പാഥേയം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സമിതികളുടെ ചരിത്രത്തില്‍ തികച്ചും നൂതനവും ജീവകാരുണ്യപരവുമായ പദ്ധതി കൂടിയാണിത്.
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ തീരദേശമലയോര മേഖലയിലുള്ള 10 ഗ്രാമപഞ്ചായത്തുകളെ പരീക്ഷണ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് ആരംഭിച്ച പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ജനറല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1168 ഗുണഭോക്താ ക്കളെ ഗ്രാമസഭാ ലിസ്റ്റില്‍ നിന്നും കുടുംബശ്രീ സി.ഡി.എസ് മുഖാന്തിരം സര്‍വ്വേ നടത്തി അര്‍ഹതയുള്ളതായി കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്ക് ലഭിച്ച മികച്ച അംഗീകാരം പരിഗണിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം പത്തില്‍ നിന്ന് മുപ്പത്തെട്ട് ഗ്രാമപഞ്ചായത്തിലേയ്ക്ക് പദ്ധതി വിപുലീകരിക്കുകയും ഗുണഭോക്താക്കളുടെ എണ്ണം 1168 ല്‍ നിന്നും 3603 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2018/19 ല്‍ 69 ഗ്രാമപഞ്ചായത്തുകളിലായി 5069 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു. ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലുക്കുന്നതിന്റെ ഭാഗമായി പൊതിച്ചോര്‍ ടിഫിന്‍കാര്യറില്‍ നല്കി വരുന്നത്.
2019/20 ല്‍ 69 ഗ്രാമപഞ്ചായത്തുകളിലെ 6504 ഗുണഭോക്താക്കള്‍ക്ക് (ജനറല്‍ - 4518, പട്ടികജാതി - 2074) പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന രീതിയില്‍ ജില്ലാ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി 60:40 എന്ന അനുപാതത്തില്‍ തുക വകയിരുത്തി പദ്ധതി നടപ്പിലാക്കുന്നു. നാളിതുവരെ 11കോടി നാല് ലക്ഷത്തി എൻപത്തി ഒൻപതിനായിരത്തി അറുനൂറ് രൂപ ജില്ലാപഞ്ചായത്ത് ഇതിനായി ചെലവഴിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ഗുണഫലങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പു സാമ്പത്തിക വർഷവും പദ്ധതി തുടർന്നു വരുന്നു.
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations