വിതുരയിലെ പി.ടി.ഉഷ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 22/06/2020 ന് രാവിലെ 10 മണിക്ക് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ. മധു നിര്‍വ്വഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പത്ര സമ്മേളനം വിതുര ഗവ. ഗസ്റ്റ് ഹൗസില്‍ വച്ച് 17/06/2020 ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചിരിക്കുന്നു. പ്രസ്തുത പരിപാടിയില്‍ മലയാളത്തിലെ പ്രധാന ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ പങ്കെടുക്കുണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലയോര മേഖലയിലെ യുവാക്കളുടെ കായിക സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പി.ടി.ഉഷ സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിതുര ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്റ്റേഡിയത്തില്‍ നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങള്‍ മലയോര മേഖലയിലെ യുവജനങ്ങള്‍ക്കും കായിക പ്രതിഭകള്‍ക്കും ലഭ്യമാകും. ഈ പദ്ധതിയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 1.48 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
1987 ല്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യാതിഥിയായി പങ്കെടുത്തത് കായിക കേരളത്തിന്റെ ബ്രാന്റ് അംബാസഡര്‍ പി.ടി. ഉഷയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ തലമുറകള്‍ കടന്നുപോയപ്പോഴും വിതുരയിലെ യുവാക്കളുടെ മുഖ്യ കായിക കേന്ദ്രമായി പി.ടി.ഉഷ സ്റ്റേഡിയം നിലനിന്നു. വിതുര ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും നാട്ടിലെ ചെറുപ്പക്കാരുമെല്ലാം ഇവിടെ കളിച്ചു വളര്‍ന്നു. വിതുര ജംഗ്ഷന് അടുത്താണന്നതും സമീപത്തെങ്ങും ഇത്ര സ്ഥല സൗകര്യമുള്ള കളിസ്ഥലമില്ലായെന്നതും സ്റ്റേഡിയത്തെ ഈ പ്രദേശത്തെ യുവാക്കളുടെ ആകെ വികാരമാക്കി മാറ്റി. ഇടക്കാലത്ത് വിതുര ഫെസ്റ്റ്, യുവജനോത്സവം പോലുള്ള പരിപാടികള്‍ക്കും ഇവിടെ മുഖ്യ വേദിയായിരുന്നു. കാലം കഴിഞ്ഞതോടെ അറ്റകുറ്റപ്പണികള്‍ നടക്കാതെ സ്റ്റേഡിയം ശോചനീയാവസ്ഥയായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കോ നാട്ടകാര്ക്കോ കായിക പരിശീലനത്തിന് ഉപയോഗപ്രദമല്ലാ തായതോടെ വൈകുന്നേരങ്ങളില്‍ ലഹരി ഉപയോഗത്തിനും മറ്റും മാത്രമായി ചിലര്‍ തമ്പടിക്കുന്നതും പതിവായി. ഇടക്കാലത്തുണ്ടായ കിതപ്പ് മാറ്റി വികസനത്തിന്റെ ട്രാക്കിലേക്ക് പി.ടി. ഉഷ സ്റ്റേഡിയം കുതിക്കുമ്പോള്‍ മലയോര നാട്ടിലെ യുവതയ്ക്ക് മുന്നില്‍ തെളിയുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ട്രാക്ക് കൂടിയാണ്.
മലയോര ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ടി.ഉഷ സ്റ്റേഡിയം നവീകരിക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സൗകര്യങ്ങളും എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ കാഴ്ചപ്പാട്. കായിക രംഗത്തെ വികസന പദ്ധതികളെല്ലാം നഗര പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന കാഴ്ചപ്പാട് ഈ പദ്ധതിയോടുകൂടി മാറണം. കായികരംഗത്ത് ഒട്ടേറെ നൂതനമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. അതില്‍ പെരിങ്ങമ്മല സ്പോര്‍ട്സ് ഹബ്ബ്, പള്ളിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഉഴമലയ്ക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവാസനഘട്ടത്തിലാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഈ നൂതന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും കഴിയും.
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations