സ്നേഹധാര

സ്നേഹധാര - സ്നേഹവും കരുതലും ആയുർവേദത്തിലൂടെ

സമൂഹത്തിലെ 12വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ  തുടക്കത്തിലേ  കണ്ടെത്തി ഉചിതമായ ആയുർവേദ ചികിത്സാ വിധികളിലൂടെ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട്  തിരുവനന്തപുരം ഗവ.ആയൂര്‍വ്വേദ കോളേജിലെ ബാല ചികിത്സാ വിഭാഗവുമായി ചേര്‍ന്നുകൊണ്ട്തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കി വരുന്ന   വ്യത്യസ്ഥതയാർന്ന പദ്ധതിയാണ് സ്നേഹധാര. വളർച്ചാ വൈകല്യങ്ങൾ ശിശുക്കളെസംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ അവസ്ഥാ വിശേഷമാണ്  എന്നതിനാലും ഭിന്നശേഷിയുള്ളഇത്തരം കുട്ടികൾ കുടുംബത്തിനും സമൂഹത്തിനും വേദനയുളവാക്കുന്നതുമാണ് എന്ന തിരിച്ചറിവിൽ നിന്നും വിഭാവനം ചെയ്യപ്പെട്ട സാമൂഹ്യപ്രതിബദ്ധതയിലൂന്നിയുള്ള പദ്ധതിയാണിത്. മുൻ വർഷങ്ങിൽ  ഈ പദ്ധതിയ്ക്ക് ലഭിച്ച സാമൂഹിക അംഗീകാരവും ഗുണപരമായ നേട്ടങ്ങളും പരിഗണിച്ചാണ് നിലവിൽ വളരെ ബൃഹത്തായ രീതിയിൽ ഈ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടു പോകുന്നത്.    ഈ പദ്ധതിയിലൂടെ കൃത്യമായ പരിശോധനകൾ സംഘടിപ്പിച്ച് കുഞ്ഞുങ്ങളുടെ വളർച്ച വൈകള്യങ്ങൾ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നു എന്നു മാത്രമല്ല കുഞ്ഞുങ്ങളുടെ അവസ്ഥ മൂലം  മാനസിക  ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസം നൽകാനും ഈ പദ്ധതിമൂലം സാധിക്കുന്നു .

ആയുർവേദ ചികിത്സയും അതിനോടൊപ്പം ഫിസിയോതെറാപ്പിസ്റ്റ് , സ്പീച്ച് തെറാപ്പിസ്റ്റ്,  സൈക്കോളജിസ്റ്റ്  എന്നിവരുടെ സേവനവും ഈ പദ്ധതിയിലൂടെ നൽകുവാൻ സാധിക്കുന്നുണ്ട് എന്നത് ഈ പദ്ധതിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ്.ശാസ്ത്രീയ ആയുർവേദ ചികിത്സയോടൊപ്പം മേൽപറഞ്ഞവയുടെ സംയോജനം ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യത്തെ പൂർണ്ണതയിലേയ്ക്ക് എത്തിക്കുവാൻ നിദാമാകുന്നുണ്ട് എന്നത് അഭിമാനകരമാണ്.  ശാരീരിക  വൈകല്യമുളള കുട്ടികൾക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, കുട്ടികളുടെ ഭാഷാ പഠനത്തിനും സംഭാഷണ വൈകല്യങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം, ആശയവിനിമയ വികസനം പെരുമാറ്റ നവീകരണം സാമൂഹീകരണം എന്നിവയ്ക്കായി സൈക്കോളജിസ്റ്റിന്റെ സേവനം മുതലായവ ആയുർവേദ ചികിത്സയുമായി സംയോജിപ്പിക്കുന്നതിലൂടെ മികച്ച രീതിയിലുള്ള ഗുണഫലങ്ങൾ ഈ പദ്ധതിയിലൂടെ ലഭിക്കുന്നു എന്നത് തന്നെയാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകം.  ഈ പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കായി ജില്ലാ ആയൂർവേദ ആശുപത്രി മറ്റ് ഗവ ആയുർവേദ ആശുപത്രികൾ എന്നിവിടങ്ങളിൽ നിരവധി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. ഇതിന് പുറമേ മാതാപിതാക്കൾക്കും അംഗൻവാടി പ്രവർത്തകരായ ആയമാർക്കും ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു. അർപ്പണ മനോഭാവത്തോടെയുള്ള ഡോക്ടർമാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും സേവനം ഈ പദ്ധതിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ മേഖലയിൽ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി മികച്ച പദ്ധതികളോടൊപ്പം ആയുർവേദ മേഖലയിൽ  ഉയർത്തി കാട്ടാവുന്ന മറ്റൊരു അഭിമാനകരമായ  പദ്ധതിയാണ് സ്നേഹധാര.  ശാരീരിക വൈകല്യമുള്ള വിഭാഗത്തിൽ കായികമായ കഴിവുകൾക്ക് 54% ഉം , ഭാഷാ പരിജ്ഞാനത്തിലും സംസാരശേഷിയിലും 11 % പുരോഗതിയും ഉണ്ടാക്കുവാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്വഭാവ വൈകല്യങ്ങൾ പ്രധാന ലക്ഷണമായുള്ള വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് ഓട്ടിസത്തിന്റെ തോതിൽ 26.7 % ഉം അമിത വികൃതിയുടെ തോതിൽ 8.3% ഉം പുരോഗമനം ഉണ്ടായി.  ഭാഷാഗ്രഹണത്തിൽ 30.5%ഉം,സംസാരഭാഷയിൽ 24 % ഉം, ജീവിത നിലവാരത്തിൽ 8.5% ഉം വ്യതിയാനം കണ്ടെത്തിയിട്ടുുണ്ട്. ബുദ്ധിമാന്ദ്യം പ്രധാന ലക്ഷണമായ വിഭാഗക്കാരുടെ സാമൂഹിക പക്വത 4 % ഉം പെരുമാറ്റ രീതികൾ 8 %ഉം, ഹൈപ്പർ ആക്റ്റിവിറ്റി 39 % ഉം ഭാഷാഗ്രഹണം 16 %ഉം സംസാരശേഷി 17 % ഉം  ജീവിത നിലവാരം 10.03 % ഉംഈ പദ്ധതിയിലൂടെ വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഈ പദ്ധതിയുടെ ഗുണഭോക്താക്കാളായ കുഞ്ഞുങ്ങളുടെ രോഗമുക്തി തന്നെയാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ അളവുകോൽ എന്നതിലൂടെ ഈ പദ്ധതി അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളുടെ പാരമ്യതയിൽ നിലകൊള്ളുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്.